എൻ.ഐ.സി സേവനങ്ങളെപ്പറ്റി പരാതികളുടെ പെരുമഴ  • Dr V Sivadasan M.P
  • 21-07-2023

നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനെപ്പറ്റി പ്രതിവർഷം ലഭിക്കുന്നത് മൂന്നര ലക്ഷത്തോളം പരാതികൾ

റേഷൻ വിതരണം മുടങ്ങുന്നതിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓൺലൈൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിലും നിരന്തരം എൻ ഐ സിയുടെ സാങ്കേതികപിഴവുകളും തകരാറുകളും വാർത്തയാകാറുണ്ട്. വിവാദങ്ങളിൽ പെട്ട സ്ഥാപനത്തെപ്പറ്റി ലക്ഷക്കണക്കിനു പരാതികൾ ലഭിക്കുന്നുണ്ട് എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സമ്മതിച്ചു .

2020 -2022 കാലയളവിൽ മാത്രം, പത്തുലക്ഷത്തോളം പരാതികളാണ് എൻ ഐ സിയുടെ സർവീസ് ഡെസ്കിൽ എത്തിയത്. 2020 -381507 , 2021 -341509 , 2022-329100 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം.കേരളത്തിൽ നിന്ന് മാത്രം 3 വർഷങ്ങളിലായി 31314 പരാതികളാണ് എൻ ഐ സി ക്ക് ലഭിച്ചത്.

2020 -10925, 2021-9640, 2022 -10749 എന്നിങ്ങനെ ആണ് കേരളത്തിൽ നിന്നും ലഭിച്ച പരാതികളുടെ എണ്ണം.

ഐടി മേഖലയിൽ പ്രധാന പങ്ക് വഹിക്കേണ്ടുന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ സമഗ്രമായ പരിഷ്ക്കാരം ആവശ്യമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് എൻ ഐ സി യിൽ പ്രതിവർഷം ലഭിക്കുന്ന പരാതികളെപ്പറ്റി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി നൽകിയ കണക്കുകൾ.

മന്ത്രാലയത്തിന്റെ തന്നെ കണക്ക് പ്രകാരം 69 കേന്ദ്ര വകുപ്പുകൾ 274 കേന്ദ്ര സ്ഥാപനങ്ങൾ , 2963 സംസ്ഥാന വകുപ്പുകൾ, 1482 ഇൻസ്റ്റിറ്റ്യൂട്ട്കൾ , 712 ജില്ലാ ഭരണകൂടങ്ങൾ എന്നിവയ്ക്കു സേവനം എൻ ഐ സി നൽകുന്നുണ്ട്.

എന്നാൽ 3904 ജീവനക്കാരുള്ള തന്ത്രപ്രധാനമായ ഈ സ്ഥാപനത്തിൽ 20 ശതമാനം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. 927 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ് എന്ന് ഡിസംബർ 2022 ൽ മന്ത്രാലയം മറുപടി നൽകിയിരുന്നു.

റേഷൻ വിതരണത്തിൽ എൻ ഐ സി സെർവർ തകരാറുകൾ നിരന്തരം വാർത്തയാവാറുണ്ട്. കോളേജുകളിൽ മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനും ഉപയോഗിക്കുന്ന എൻ ഐ സി സോഫ്ട്‍വെയർ ഉപയോഗത്തിൽ വരുന്ന പിഴവുകളൂം വാർത്താപ്രാധാന്യം നേടിയിരുന്നു.

കേന്ദ്രപൊതുമേഖല സ്ഥാപനത്തിന്റെ ഗുരുതരമായ പിഴവുകളുടെ പഴി കേൾക്കേണ്ടി വരുന്നത് മിക്കപ്പോഴും സംസ്ഥാന സർക്കാരുകൾക്കാണ്.

നിരവധി സർക്കാർ വകുപ്പുകളും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശ്രയിക്കുന്ന സ്ഥാപനം എന്ന നിലയിൽ എൻ ഐ സി യിൽ നിയമനങ്ങൾ നടത്തുകയും സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വേണം എന്നാവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രി അശ്വിനി വൈഷ്ണവിനു കത്ത് നൽകിയിരുന്നു . പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലാളികളെ നിയമിക്കാതെ അവയെ തകർക്കുന്ന യൂണിയൻ സർക്കാരിൻറെ നയങ്ങളാണ് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന്റെ ദുരവസ്ഥ യ്ക്ക് കാരണം എന്ന് വി ശിവദാസൻ എംപി പറഞ്ഞു.