ഇന്ത്യയുടെ പൊതുസർക്കാർകടത്തിൽ എഴുപത് ശതമാനവും എടുക്കുന്നത് കേന്ദ്രമെന്നു സമ്മതിച്ച് കേന്ദ്രധനകാര്യമന്ത്രാലയം  • Dr V Sivadasan M.P
  • 25-07-2023

ഇന്ത്യയുടെ പൊതുസർക്കാർകടത്തിൽ എഴുപത് ശതമാനവും എടുക്കുന്നത് കേന്ദ്രമാണെന്ന് വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിൽ കേന്ദ്രധനകാര്യമന്ത്രാലയം സമ്മതിച്ചു. ഇന്ത്യയുടെ പൊതു സർക്കാർ കടം 2018-19 മുതൽ 2022-23 വരെയുള്ള അഞ്ച്‌ വർഷകാലയളവിൽ 10.5 ശതമാനം വർദ്ധിച്ച് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി ) 70.4 ശതമാനത്തിൽ നിന്നും 80.9 ശതമാനമായി എന്ന് മറുപടിയിൽ നിന്നും വ്യക്തമാകുന്നു.

2018 -19 കാലയളവിൽ 133 ലക്ഷം കൂടിയായിരുന്നു ഇന്ത്യയുടെ പൊതുസർക്കാർ കടം. 2019 -20 ൽ ഇത് 105.1 ലക്ഷം കോടിയായി. 2020-21 ൽ 174.1 ലക്ഷം കോടിയായി. 2021-22 ൽ 195.5 ലക്ഷം കോടിയായി ഉയർന്ന പൊതുസർക്കാർ കടം , 2022 -23 ൽ 220.5 ലക്ഷം കോടിയായി ഉയരുമെന്നും സർക്കാർ സമ്മതിക്കുന്നു.

ഇനി കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കടബാധ്യത താരതമ്യപ്പെടുത്തിയാൽ, കേന്ദ്രത്തിന്റെ കടമെടുപ്പ് എല്ലാ സംസ്ഥാനങ്ങളുടെയും ഡൽഹി-പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കടത്തിന്റെ ഇരട്ടിയിലും അധികമാണ്.

കടമെടുത്ത് ചെലവ് കണ്ടെത്തുന്നതിൽ, കേന്ദ്രം സംസ്ഥാനങ്ങളെക്കാൾ 'ബഹുദൂരം' മുന്നിലാണ്. കടം വർധിക്കുന്ന തോതിലും കേന്ദ്രം തന്നെയാണ് മുന്നിൽ. 2018-2023 കാലയളവിൽ കേന്ദ്രസർക്കാരിന്റെ കടം 66.7 ശതമാനം വർധിച്ചപ്പോൾ, സംസ്ഥാനങ്ങളുടെ കടം വർധിച്ചത് 58.8 ശതമാനം മാത്രമാണ്.

2018 -19 ൽ കേന്ദ്ര കടം, 93.3 ലക്ഷം കോടി ആയിരുന്നപ്പോൾ എല്ലാം സംസ്ഥാനങ്ങളും ചേർന്നെടുത്തത് 47.9 ലക്ഷം കോടി രൂപ മാത്രമാണ്. 2019 -20 ൽ സംസ്ഥാനങ്ങളുടെ കടം 53.5 ലക്ഷം കോടി ആയിരുന്നപ്പോൾ, കേന്ദ്രത്തിന്റെ കടം 105.1 ലക്ഷം കോടി ആയിരുന്നു. സംസ്ഥാനങ്ങളുടെ കടം 2020-21ൽ 61.6 ലക്ഷം കോടി ആയിരുന്നപ്പോൾ , കേന്ദ്രകടം 121.9 ലക്ഷം കോടിയായി. 2021-22ൽ സംസ്ഥാനങ്ങളുടെ കടം 67.9 ലക്ഷം കോടി ആയി. കേന്ദ്രകടമാവട്ടെ 138.7 ലക്ഷം കോടി ആയി ഉയർന്നു.

ഏറ്റവുമൊടുവിൽ ലഭ്യമാകുന്ന കണക്ക് പ്രകാരം, 2022-23 ൽ എല്ലാ സംസ്ഥാനങ്ങളുടെയും ആകെ കടം 76.1 ലക്ഷം കോടിയും കേന്ദ്രത്തിന്റെ മാത്രം കടം 155.6 ലക്ഷം കോടിയും പൊതുസർക്കാർ കടം 220.5 ലക്ഷം കോടിയുമാണ്.

സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന മുൻ‌കൂർ തുകകളും ലോണുകളും സംസ്ഥാനസർക്കാരുകളുടെ കടത്തിൽ കൂട്ടുന്നുണ്ടെങ്കിലും, അത് പൊതുസർക്കാർ കടത്തിൽ ചേർത്തിട്ടില്ല.

നികുതിവരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രസർക്കാർ തന്നെയാണ് കൈയ്യാളുന്നത്. കടമെടുത്തു ചെലവ് നടത്തുന്നതിലും കേന്ദ്രം തന്നെയാണ് മുന്നിൽ . എന്നാൽ ജനക്ഷേമത്തിനു അനുപേക്ഷണീയമായ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ പ്രകാരം, 70 ശതമാനവും ചെലവിടുന്നത് സംസ്ഥാനങ്ങളാണ്. സ്വന്തമായി കടം വാങ്ങിക്കൂട്ടുമ്പോഴും നികുതിവരുമാനവും വായ്പകളും സംസ്ഥാനങ്ങൾക്ക് നിഷേധിച്ചു കൊണ്ട് പ്രതിസന്ധി സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സംസ്ഥാനസർക്കാരുകളുടെ ധൂർത്തെന്ന വ്യാജ പ്രചരണം മാധ്യമസഹായത്തോടെ നടത്തുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

പെട്രോളിയം സബ്‌സിഡി അടക്കമുള്ളവ വെട്ടി ചുരുക്കിയും ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്തും , സ്വന്തം ധൂർത്തിനും കോർപ്പറേറ്റ് കുടുംബങ്ങൾക്ക് നികുതി ഇളവുകൾ നൽകാനും പണം കണ്ടെത്തുന്ന മോദി സർക്കാർ, സംസ്ഥാനങ്ങളുടെ വായ്‌പാ പരിധിയിൽ കൈകടത്തുന്നതിന്റെ ലക്‌ഷ്യം പകൽ പോലെ വ്യക്തമാണ്.

അത് കടത്തോടുള്ള എതിർപ്പല്ല മറിച്ച് , സാമ്പത്തികപ്രതിസന്ധി സൃഷ്‌ടിച്ച്, പൊതുസംവിധാനങ്ങൾ തകർക്കുകയും ആരോഗ്യ-വിദ്യാഭ്യാസമേഖലകൾ കോർപ്പറേറ്റു കുടുംബങ്ങൾക്ക് ലാഭമുണ്ടാക്കാനായി തീറെഴുതികൊടുക്കാനുമുള്ള ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് വി ശിവദാസൻ എംപി പറഞ്ഞു.