കേന്ദ്രബജറ്റിൽ ചെലവഴിക്കുന്ന 100 രൂപയിൽ 40 രൂപയും കടം എന്ന് കേന്ദ്രം  • Dr V Sivadasan M.P
  • 01-08-2023

കേന്ദ്രബജറ്റിൽ ചെലവഴിക്കുന്ന 100 രൂപയിൽ 40 രൂപയും കടം എന്ന് സമ്മതിച്ച് കേന്ദ്രം. 45 ലക്ഷം കോടിയുടെ 2023-24 ലെ കേന്ദ്ര ബജറ്റിൽ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്റെ 40 ശതമാനം വരുമെന്നും വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിൽ നിർമലാ സീതാരാമൻ സമ്മതിച്ചു.

എന്നാൽ ദേശീയ ഹൈവേ അതോറിറ്റി പോലെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം ഇതിന്റെ പുറമെ ആണെന്നും അത് സർക്കാരിന്റെ കടമായി കൂട്ടുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കേരളത്തിൽ കിഫ്‌ബി എടുക്കുന്ന കടവും സംസ്ഥാനസർക്കാരിന്റെ ബാധ്യതയായിട്ടാണ് പരിഗണിക്കുന്നത്.

മാസം തോറും ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്റെ ചെലവുകൾ നടത്തുന്നത്.

2023 ഏപ്രിൽ മാസം എടുത്തത് 1.36 ലക്ഷം കോടി രൂപയാണ്. മെയ് (1.69 ലക്ഷം കോടി ), ജൂൺ (1.36 ലക്ഷം കോടി), ജൂലൈ (1.75 ലക്ഷം കോടി ) എന്നിങ്ങനെയാണ് ആഭ്യന്തരവിപണിയിൽ നിന്നും മാത്രം കേന്ദ്രസർക്കാർ എടുത്ത കടം. ഓഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ 1.36 ലക്ഷം കോടി വീതം കടം എടുക്കുമെന്നും മറുപടിയിലുണ്ട്.

ദേശീയഹൈവേ അതോറിറ്റി എടുക്കുന്ന കടം, സർക്കാർ കടമായി പരിഗണിക്കാത്ത കേന്ദ്രസർക്കാർ ,സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഓഫ് ബജറ്റ് കടവും കൂടി സർക്കാർ ബാധ്യതയാക്കി മാറ്റുന്നത് ഇരട്ടത്താപ്പാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.