കേന്ദ്രസർക്കാർ നടത്തുന്ന 387 വേദപഠനശാലകളിൽ ദളിത് ആദിവാസി പിന്നോക്കസമുദായങ്ങൾ ഒരു ശതമാനം പോലുമില്ല  • Dr V Sivadasan M.P
  • 02-08-2023

മഹർഷി സാന്ദീപനി വേദവിദ്യാപ്രതിഷ്ഠാൻ 1987 ൽ അന്നത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രി ആയിരുന്ന പി വി നരസിംഹറാവു ആണ്. വേദങ്ങൾ പഠിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകാനായിട്ടാണ് ഇതിന്റെ തുടക്കം. ഇന്ന് മഹർഷി സാന്ദീപനി വേദ വിദ്യാ പ്രതിഷ്ഠാന്റെ കീഴിൽ 6 രാഷ്ട്രീയ ആദർശ് വേദവിദ്യാലയങ്ങൾ, 123 വേദവിദ്യാ പാഠശാലകൾ , 258 ഗുരുശിഷ്യ പരമ്പരാ പാഠശാലകൾ എന്നിവ പ്രവർത്തിക്കുന്നു. മൊത്തം 1089 അധ്യാപകരാണ് ഉള്ളത്. പത്താം ക്‌ളാസ് , പ്ലസ് ടു തുല്യയോഗ്യതയുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങൾ ആണിവ.

സർക്കാർ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന ഈ പാഠശാലകൾ , പൂർണമായും ദളിത് ആദിവാസി വിഭാഗങ്ങൾക്ക് അന്യമാണ് എന്നു വ്യക്തമാക്കുന്ന കണക്ക് ആണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നല്കിയിരിക്കുന്നത്. 387 വേദപാഠശാലകളിലെ 1089 അധ്യാപകരിൽ ഒരാൾ പോലും ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്നുമില്ല.

നിലവിൽ ഒഡിഷ, ഗുജറാത്ത് , അസം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ആദർശ് വേദ വിദ്യാലയങ്ങളിൽ ഒരു കുട്ടി പോലും ദളിത് ആദിവാസി ഒബിസി വിഭാഗങ്ങളിൽ നിന്നും ഇല്ല. മധ്യപ്രദേശിൽ ഒരു ഒബിസി വിദ്യാർത്ഥി ഉണ്ട്. ദളിത് ആദിവാസി വിദ്യാർഥികൾ ഇല്ല.

22 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 123 വേദവിദ്യാ പാഠശാലകൾ ഉണ്ട്. ഇതിൽ 19 സംസ്ഥാനങ്ങളിൽ ഉള്ള 116 വേദവിദ്യാപാഠശാലകളിൽ ഒരു ദളിത് ആദിവാസി വിദ്യാർത്ഥി പോലും ഇല്ല. കേരളത്തിലും 4 വേദവിദ്യാ പാഠശാലകൾ ഉണ്ട് . ഒരു വിദ്യാർത്ഥി പോലും ദളിത് ആദിവാസി ഒബിസി വിഭാഗങ്ങളിൽ നിന്നും ഇല്ല. ഏറ്റവും കൂടുതൽ വേദവിദ്യാ പാഠശാലകൾ പ്രവർത്തിക്കുന്നത് ഉത്തർപ്രദേശിലാണ് . 25 പാഠശാലകളിലായി 1100 വിദ്യാർഥികൾ ഉണ്ടെങ്കിലും , ദളിത് ആദിവാസി ഒബിസി വിഭാഗങ്ങളിൽ നിന്ന് ഒരാൾ പോലും ഇല്ല.

വേദവിദ്യാ പഠനത്തിനായി കേന്ദ്രസർക്കാർ ഫണ്ട് നൽകുന്ന 258 ഗുരുശിഷ്യപരമ്പര ഗുരുകുലങ്ങൾ ആണുള്ളത് . ഇവയും ദളിത് ആദിവാസി ഒബിസി വിഭാഗങ്ങൾക്കന്യമാണ്‌. ഗുരുശിഷ്യ പരമ്പര യൂണിറ്റുകളിൽ 2240 വിദ്യാർഥികൾ രാജ്യത്തുള്ളതിൽ ഒരാൾ പോലും ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്നില്ല. 8 പേരാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത്.

വേദവിദ്യാ പ്രതിഷ്ഠാന് നൽകുന്ന സർക്കാർ ഫണ്ട് 2021 -22 ൽ 37.62 കോടി ആയിരുന്നത് 2022-23 ൽ 84.05 കോടിയായി വർധിപ്പിച്ചിട്ടുണ്ട്.