ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരം വേണം  • Dr V Sivadasan M.P
  • 21-10-2023

വന്ദേഭാരത് ട്രെയിനുകൾക്കായി മറ്റു ട്രെയിനുകൾ വൈകിപ്പിക്കുന്ന സമീപനം സാധാരണ യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. സാധാരണക്കാർ യാത്ര ചെയ്യുന്ന ട്രെയിനുകൾ മണിക്കൂറുകളോളം വൈകി എത്തുന്ന അവസ്ഥയാണുള്ളത് .

കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ ആശ്രയമാണ് ഇന്ത്യൻ റെയിൽവേ. സാധാരണജനങ്ങൾ യാത്ര ചെയ്യുന്ന ജനറൽ കംപാർട്മെൻറുകളുടെ എണ്ണം വെട്ടിയ്ക്കുറക്കുന്ന നടപടി ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളിൽ വൻ തിരക്കാണ്. എന്നാൽ റിസർവ് ചെയ്യാത്ത കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന നിരന്തരമായ ആവശ്യം റെയിൽവേ അവഗണിക്കുകയാണ്. ഉള്ള കോച്ചുകൾ തന്നെ വെട്ടികുറയ്കുന്ന നടപടിയാണ് ഉണ്ടാകുന്നത്.

റിസേർവ്ഡ് കോച്ചുകളുടെ കാര്യത്തിലാവട്ടെ ആഴ്ചകൾക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്. ഏറ്റവും അടിസ്ഥാനപരമായ യാത്രാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. തത്കാൽ , പ്രീമിയം തത്കാൽ എന്നിവയുടെ പേരിൽ ഉള്ള ചൂഷണം അതിനു പുറമെയാണ്.

പരശുറാം എക്സ്പ്രസ്സിൽ കഴിഞ്ഞ പതിനഞ്ചു ദിവസങ്ങൾക്കിടെ അഞ്ചു തവണയാണ് യാത്രക്കാർ തിരക്കിൽപെട്ട് കുഴഞ്ഞു വീഴുന്ന സംഭവം ഉണ്ടായത്. ഈ കഴിഞ്ഞ ദിവസവും രണ്ട് പേർ കുഴഞ്ഞു വീഴുകയുണ്ടായി. ഒന്ന് അനങ്ങാനാന്‍ പോലും കഴിയാതെ മണിക്കൂറുകളോളം നിന്നു കൊണ്ട് യാത്ര ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.

ഈ ദയനീയമായ സാഹചര്യം അടിയന്തിരമായി പരിഹരിക്കാൻ റെയിൽവേ നടപടിയെടുക്കണം. മറ്റു ട്രെയിനുകളിലെ യാത്രക്കാരെ വന്ദേ ഭാരത് ട്രെയിന് വേണ്ടി ബലി കൊടുക്കുന്ന അനീതി അവസാനിപ്പിക്കണം. ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളുടെ എണ്ണം കൂട്ടുകയും വേണം.

വേഗമേറിയ മറ്റു പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങാൻ കേരളത്തെ അനുവദിക്കാത്ത കേന്ദ്രസർക്കാർ , റെയിൽവേ വികസനത്തിൽ പണം മുടക്കാനും തയ്യാറായിട്ടില്ല. കേരളത്തിന്റെ റെയിൽവേ വികസനം അടിയന്തിരപ്രാധാന്യത്തോടെ മുന്നോട്ട് നീക്കാൻ ഉള്ള നടപടികൾ ഉണ്ടാകണം.