സില്‍ക്യാര അപകടത്തെ സംബന്ധിച്ച് സുതാര്യവും സമഗ്രവുമായ അന്വേഷണം വേണം : ഡോ. വി ശിവദാസന്‍ എം.പി  • Dr V Sivadasan M.P
  • 04-12-2023

സില്‍ക്യാര ടണല്‍ അപകടത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടെന്ന് രാജ്യസഭയില്‍ ശൂന്യ വേളയില്‍ സംസാരിക്കവേ ഡോ വി ശിവദാസന്‍ എം.പി ചൂണ്ടിക്കാട്ടി. ലോകം മുഴുവന്‍ വീക്ഷിച്ച ഈ അപകടം, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനി വരുത്തിയ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ കുറിച്ച് സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ഡോ വി ശിവദാസന്‍ എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ഇത് സില്‍ക്യാരയില്‍ നടക്കുന്ന ആദ്യത്തെ അപകടമല്ല. ഇതിന് മുന്‍പ് പതിനേഴ് തവണ സമാനമായ അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയുള്ള തൊഴിലാളികളും ഇതേ കാര്യം പറഞ്ഞിട്ടുണ്ട് .

സില്‍ക്യാര ടണലില്‍ നടന്ന അപകടത്തെ തുടര്‍ന്നു നാല്‍പ്പത്തിയൊന്ന് പേരാണ് മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ സുരക്ഷാ മാര്‍ഗങ്ങളോ ഇല്ലാത്തത് കാരണം പതിനേഴ് ദിവസങ്ങളോളം തുരംഗത്തിനകത്ത് കുടുങ്ങിക്കിടന്നത്. സുരക്ഷാ പാതകളും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പദ്ധതിയുടെ പ്ലാനില്‍ ഉണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ അവയൊന്നും തന്നെ നിര്‍മ്മിക്കപ്പെടുകയോ പാലിക്കപ്പെടുകയോ ചെയ്തിട്ടില്ല. കൂടാതെ ഇതുപോലുള്ള അപകടകരമായ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനുള്ള ട്രഞ്ച് കേജുകളോ ഹ്യൂം പൈപ്പുകളോ അവിടെ ഉണ്ടായിരുന്നില്ല എന്നത് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അതിഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.

ആയതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി സില്‍ക്യാര അപകടത്തെ സംബന്ധിച്ച് സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്ന് രാജ്യസഭയില്‍ ഡോ വി ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു.