കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. വി ശിവദാസൻ എം.പി.  • Dr V Sivadasan M.P
  • 11-12-2023

കണ്ണൂർ ഇന്‍റര്‍നാഷനല്‍ എയർപോർട്ട് ലിമിറ്റഡിന്‍റെ (കിയാൽ) വികസനത്തിൽ അടിയന്തിരമായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഡോ.വി.ശിവദാസൻ എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കവേയാണ് ഡോ വി ശിവദാസന്‍ എം.പി ഈ ആവശ്യം ഉന്നയിച്ചത്.

കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് പുറമെ കർണാടകത്തിലെ കുടക് മേഖലയില്‍ ഉള്ളവരും കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഗുണഭോക്താക്കളാണ്. വിമാനത്താവളത്തിന്റെ വികസനത്തിനായി അയ്യായിരം ഏക്കറോളം ഭൂമി സംസ്ഥാന സർക്കാരിന്റെ പക്കലുണ്ട്. അടിസ്ഥാന സൌകര്യ വികസനത്തില്‍ മുന്‍പന്തിയിലുള്ള കണ്ണൂര്‍ വിമാനത്താവളം അത്യാധുനിക സൌകര്യങ്ങളോട് കൂടിയതാണ്.

വിദേശ മലയാളികളുടെ വലിയ സാന്നിധ്യം ഉള്ള മേഖലയാണിത്. ചരിത്രപരമായി, മലബാറിന് വിദേശ രാജ്യങ്ങളുമായി പ്രത്യേകിച്ച് അറേബ്യൻ ഭൂമിയുമായി വലിയ ബന്ധമുണ്ട്. പൂക്കൾ, സമുദ്രോത്പന്നങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴങ്ങൾ, കാപ്പി, കൈത്തറി, കരകൗശല വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾക്ക് കയറ്റുമതി മേഖലയിൽ വലിയ സാധ്യതകളാണുള്ളത്.

തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിനും സമീപ പ്രദേശത്തിനും ഉയർന്ന ടൂറിസം സാധ്യതകളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് മുഴപ്പിലങ്ങാട് ആണ്. കൂടാതെ, ചരിത്ര പ്രാധാന്യമുള്ളതും ആകർഷകവുമായ പയ്യാമ്പലം ബീച്ചും കണ്ണൂരിലാണ്. ഇന്ത്യൻ നാവികസേനയുടെ നേവൽ അക്കാദമി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തായ കേന്ദ്രങ്ങൾ, നാടൻ കലകളുടെ ശ്രദ്ധേയമായ കേന്ദ്രങ്ങൾ എന്നിവയും ഇവിടെയാണ്. കണ്ണൂരിന്റെ ഒരു വശം അറബിക്കടലും മറുവശം പശ്ചിമഘട്ടവുമാണ്. ഭൂമിയുടെ സൗന്ദര്യം കാണാനും ചരിത്ര സ്മാരകങ്ങൾ പഠിക്കാനും കാലാവസ്ഥയും പ്രകൃതി ഭംഗി ആസ്വദിക്കാനും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എല്ലാ വർഷവും ഇവിടെയെത്തുന്നു.

ചരിത്രപരമായും, വിനോദസഞ്ചാരത്തിനും , സാംസ്കാരികമായും, വാണിജ്യപരമായും പ്രധാന്യമര്‍ഹിക്കുന്ന കണ്ണൂര്‍ മേഖലയുടെ സുസ്ഥിര വികസനത്തിന് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വികസനം അത്യന്താപേക്ഷിതമാണെന്ന് ഡോ വി ശിവദാസന്‍ എം.പി പറഞ്ഞു.

കിയാലിൽ നിന്ന് സർവീസ് ആരംഭിക്കാൻ വിദേശ വിമാനക്കമ്പനികൾ തയ്യാറായിട്ടും മന്ത്രാലയം അനുമതി നല്‍കുന്നില്ല, അതേ സമയം മറ്റ് പല വിമാനത്താവളങ്ങങ്ങള്‍ക്കും അനുമതി നൽകിയിട്ടുമുണ്ട് . കിയാലിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്ന കേരളത്തിലെ ജനങ്ങളുടെ ആവശ്യം ദീർഘകാലമായുള്ളതാണ്, എന്നാല്‍ അത് നിഷേധിക്കുക വഴി, ജനങ്ങളുടെ വികസന സ്വപ്നമാണ് കേന്ദ്രസർക്കാർ തകർക്കുന്നത്.

സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന വിമാനത്താവളങ്ങൾക്ക് വേണ്ടി കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തില്‍ തുരങ്കം വെക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവണതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്നും അതിന്റെ സമയോചിതവും ശക്തവുമായ വികസനം സുഗമമാക്കുക വഴി കണ്ണൂരിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് ശക്തി പകരണമെന്നും അതിനു തടയിടാന്‍ ശ്രമിക്കുന്ന പക്ഷം സമീപ ഭാവിയില്‍ തന്നെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഡോ വി ശിവദാസന്‍ എം.പി രാജ്യസഭയില്‍ പറഞ്ഞു