അധികാരക്കൊതി ആരിഫ് മുഹമ്മദ് ഖാന്റെ സമനില തെറ്റിച്ചു: വി ശിവദാസൻ  • Dr V Sivadasan M.P
  • 18-12-2023

ബ്രിട്ടീഷ് സാമ്രാജ്യത്തോടും അവരുടെ ഗവർണർമാരോടും പൊരുതി നിന്ന ധീരമായ ചരിത്രമാണ് കണ്ണൂരിലെ ജനതയ്ക്കുള്ളത്. ആ ചരിത്രം തമസ്കരിക്കാൻ ഒരു ഗവർണർക്കും ആവില്ല.

നിയമത്തിലെ പഴുതുകൾ നോക്കി തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാനും പ്രതിഷേധങ്ങളെ അടിച്ചമർത്താനും നോക്കിയ കൊളോണിയൽ ഗവർണർമാരോട് ജീവൻ കൊടുത്തും പോരാടിയ ജനതയാണ് കണ്ണൂരിലേത്. 'ബ്ലഡി ഹിസ്റ്ററി' എന്ന് പുച്ഛത്തോടെ ആക്രോശിക്കുന്നവർ അപമാനിക്കാൻ ശ്രമിക്കുന്നത് കണ്ണൂരിലെ ജനങ്ങളെ മാത്രമല്ല , ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമാക്കിയ മഹത്തായ സമരപാരമ്പര്യത്തെ തന്നെയാണ്.

അധികാരക്കൊതി ആരിഫ് മുഹമ്മദ് ഖാന്റെ സാമാന്യബോധം തന്നെ നശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിന്റെ ചരിത്രം ഒരു പക്ഷെ അദ്ദേഹത്തിന് അറിയാത്തതുമാവും.അജ്ഞത ഒരു ക്രിമിനൽ കുറ്റമല്ല എന്നാൽ ഒരു നാടിനെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്നത് വഴി സ്വന്തം നിലവാരമോ അഥവാ അതിന്റെ അഭാവമോ ആണ് ബഹുമാനപ്പെട്ട ഗവർണർ പ്രകടിപ്പിച്ചിരിക്കുന്നത്.

ക്ഷണിച്ചു വരുത്തിയ മാധ്യമങ്ങളിൽ ചിലരിൽ നിന്ന്, ചോദ്യം ഉയരും എന്ന ഭീതി കൊണ്ട് അവരിൽ നിന്നും ഒളിച്ചോടിയ ചരിത്രം അദ്ദേഹത്തിനുണ്ട്. ആ അസഹിഷ്ണുതയുടെ തനിയാവർത്തനമാണ് വിദ്യാർത്ഥികൾ കെട്ടിയ ബാനറുകളോടും അദ്ദേഹം പ്രകടിപ്പിച്ചത്.

ഭരണഘടനയിലെ പഴുതുകൾ ഉപയോഗിച്ച് കേരളത്തിൽ നിരന്തരം കുഴപ്പങ്ങൾ സൃഷ്ടിക്കുക എന്നതാണ് രാഷ്ട്രീയ മേലാളന്മാർ അദ്ദേഹത്തെ ഏല്പിച്ചിരിക്കുന്ന ദൗത്യം. അത് നിർവഹിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ തന്നെ മികച്ച പോലീസിംഗ് സംവിധാനമുള്ള കേരളത്തിലാണ് ക്രമസമാധാനം തകരുന്നു എന്നദ്ദേഹം വിലപിക്കുന്നത്. തകരണം എന്നത് ഗവർണറുടെ ആഗ്രഹമാണ്. അതിനദ്ദേഹം ശ്രമിക്കുന്നുമുണ്ട്. എന്നാൽ തന്റെ ശ്രമങ്ങൾ വിജയിക്കാത്തതിലുള്ള നിരാശയാണ്, ഇത്തരം ജല്പനങ്ങളിലൂടെ പുറത്തു വരുന്നത്.