ബിജെപിയുടെ പ്രചാരവേലയ്ക്ക് പൊതുമേഖലാബാങ്കുകളെ പിഴിയരുത് : വി ശിവദാസൻ  • Dr V Sivadasan M.P
  • 04-01-2024

'വികസിത് ഭാരത് സങ്കൽപ് യാത്ര'യെന്ന പേരിൽ കേന്ദ്രസർക്കാർ നടത്തുന്ന യാത്ര, പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തിന് പിടിച്ചു കാശു പിടുങ്ങുന്ന പരിപാടിയായി മാറുകയാണ്. ബാങ്കുകളിൽ നിന്നും പണവും ബാങ്ക് ജീവനക്കാരുടെ അധ്വാനവും ചൂഷണം ചെയ്ത് പ്രചാരവേല നടത്തുകയാണ് ബിജെപി സർക്കാർ.

സർക്കാരിന്‍റെ ഈ പ്രചാരണത്തിന്റെ ഭാരം ഓരോ സംസ്ഥാനത്തെയും ലീഡ് ബാങ്കുകൾ കൂടുതലായി വഹിക്കേണ്ടി വരികയാണ്. രാജ്യത്തെ ബാങ്കിംഗ് സംവിധാനം ഇതിനകം തന്നെ വലിയ സമ്മർദ്ദത്തിലാനുള്ളത്. ശത കോടീശ്വര-ശിങ്കിടി-മുതലാളിമാർ , മനപ്പൂർവ്വം കുടിശ്ശിക വരുത്തി സന്തോഷമായി കഴിയുന്നു. അവർക്ക് ഈ ചൂഷണം നിർബാധം തുടരാൻ വേണ്ട നിയമങ്ങളാണ് നിർമിച്ചു കൊടുക്കുന്നത്. അതിനു പുറമെയാണ് ബാങ്കിങ് മേഖലയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന ഈ അധികച്ചെലവുകൾ. കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ബാങ്കുകൾക്ക് ചിലവാക്കേണ്ടി വരുന്നത്.

സാധാരണക്കാർ അധ്വാനിച്ചുണ്ടാക്കിയ പണമാണ് ഈ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. ബിജെപിയുടെ പ്രചാരണത്തിനായി പൊതുമേഖലാ ബാങ്കുകളുടെ പണവും തൊഴിൽശക്തിയും ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമന്‌ വി ശിവദാസൻ എംപി കത്ത് നൽകി .