ദേശീയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യകൾ കൂടുന്നു. അഞ്ചു വർഷങ്ങളിലായി ജീവനൊടുക്കിയത് നൂറോളം വിദ്യാർഥികൾ.



  • Dr V Sivadasan M.P
  • 26-07-2023

ദേശീയഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആത്മഹത്യകൾ വർധിക്കുന്നതായി വിദ്യാഭ്യാസമന്ത്രാലയം രാജ്യസഭയിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. 2018 മുതൽ 2023 വരെ അഞ്ചു വർഷങ്ങളിലായി ജീവനൊടുക്കിയത് നൂറോളം വിദ്യാർഥികളാണ്.

ഐ ഐ ടി കളിൽ മാത്രം 39 വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. എൻ ഐ ടി (25 ), കേന്ദ്രസർവകലാശാലകൾ (25 ) ഐഐ എം (4 ) , ഐസർ (3 ) , ഐഐഐടി (2 ) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ.

2020 , 2021 വർഷങ്ങളിൽ പ്രതിവർഷം ജീവനൊടുക്കിയത് 7 പേരായിരുന്നു.എന്നാൽ 2022 ൽ ഇത് 24 ആയി ഉയർന്നു. ഈ വര്ഷം പകുതിയോടെ തന്നെ , 20 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഇതിൽ നിന്നും വ്യക്തമാകുന്നത്, ആത്മഹത്യയുടെ നിരക്ക് 2023 ൽ കുത്തനെ ഉയരുന്നു എന്നതാണ്.

യുജിസി , 2023 ജനുവരിയിൽ ആരോഗ്യവകുപ്പിന്റെ 'ദേശീയ ആത്മഹത്യാ പ്രതിരോധ നയം' ഇന്ത്യയൊട്ടാകെ പ്രചരിപ്പിച്ചിട്ടുണ്ട് എന്നും "മനോദർപ്പൺ" എന്ന പ്രതിരോധപരിപാടി നടത്തുന്നു എന്നും മന്ത്രാലയം പറയുന്നെങ്കിലും , ആത്മഹത്യ കുറയ്ക്കാൻ ഇവ ഫലപ്രദമാകുന്നില്ല എന്നതാണ് കണക്കുകൾ തെളിയിക്കുന്നത്. വർധിച്ചു വരുന്ന വിദ്യാർത്ഥിആത്മഹത്യകൾ ഗൗരവത്തോടെ കണ്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു . മത്സരാധിഷ്ഠിതമായ മുതലാളിത്തസമൂഹത്തിലെ ചൂഷണവും അനിശ്‌ചിതത്വവും ഏറ്റവുമധികം ബാധിക്കുന്നത് വിദ്യാഭ്യാസത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന പാവപ്പെട്ട ചെറുപ്പക്കാരെയാണ്. പിന്തുണയേകുന്ന ഒരു സമൂഹം കൂടെയുണ്ടെന്ന ബോധ്യം അവർക്കുണ്ടാകണം. സർക്കാർ മേഖലയിലടക്കം ഉപജീവനത്തിനുള്ള അവസരങ്ങൾ വെട്ടിക്കുറയ്ക്കുന്ന വലതുപക്ഷനയങ്ങൾ തിരുത്തിയാൽ മാത്രമേ, ഈ പ്രശ്നത്തിന് ശരിയായ പരിഹാരം കാണാനാകൂ എന്നും വി ശിവദാസൻ എംപി പറഞ്ഞു.