കേന്ദ്രസർക്കാർ വകുപ്പുകളിൽ നിയമനം നടക്കാതെ പത്തുലക്ഷത്തോളം ഒഴിവുകൾ. മൂന്ന് വർഷം ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ റദ്ദ് ചെയ്യപ്പെടും എന്ന് കേന്ദ്രം.
കേന്ദ്രസർക്കാർ സർവീസിൽ 9,64,354 പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി. ഗ്രൂപ്പ് എ (30,606), ഗ്രൂപ്പ് ബി (111,814), ഗ്രൂപ്പ് സി (821,934) എന്നിങ്ങനെയാണ് കേന്ദ്രസർവീസിലുള്ള ഒഴിവുകളുടെ എണ്ണം.
2022 ജൂൺ 14ന് അഗ്നിപഥ് പ്രഖ്യാപനം വന്ന ദിവസം, 10 ലക്ഷം പേർക്ക് 18 മാസം കൊണ്ട് സർക്കാർ തൊഴിൽ ഉറപ്പാക്കും എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനം നടന്നു 13 മാസം പിന്നിട്ടെങ്കിലും,2022 ജൂൺ 14ന്റെ പ്രഖ്യാപനത്തിനുശേഷം, എത്ര തസ്തികകൾ പുതിയതായി സൃഷ്ടിച്ചു, എത്ര പേർക്ക് കേന്ദ്രസർക്കാർ സർവീസിൽ നിയമനം നൽകി എന്നീ ചോദ്യങ്ങൾക്ക്, മറുപടി പറയാൻ സർക്കാരിന് കഴിയുന്നില്ല. അതൊക്കെ പ്രത്യേകവകുപ്പുകളുടെ ചുമതലയാണ് എന്നുപറഞ്ഞ് തടിതപ്പുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്.
എത്ര തസ്തികകൾ റദ്ദാക്കപ്പെട്ടു എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞിട്ടില്ല. 'രണ്ടോ മൂന്നോ വർഷം ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകൾ റദ്ദ് ചെയ്യപ്പെട്ടതായി കണക്കാക്കു'മെന്നു മാത്രമാണ് മറുപടി. ലക്ഷത്തിലധികം പോസ്റ്റുകൾ ഇപ്പോൾ തന്നെ റദ്ദാക്കിയതായാണ് മനസ്സിലാക്കാനാവുന്നത്.
അതിന്റെ കണക്കുകളും പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭ്യമല്ല എന്നാണ് മറുപടിയിൽനിന്ന് വ്യക്തമാകുന്നത്. നിലവിലുള്ള ഒഴിവുകളിൽ നിയമനം നടക്കാതെ വന്നാൽ, രണ്ടോ മൂന്നോ വര്ഷത്തിനകം പത്തുലക്ഷം തസ്തികകൾ തന്നെ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയാണുണ്ടാവുക.
റോസ്‌ഗാർ മേളയിൽ തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം എത്ര പേർക്ക് തൊഴിൽ കൊടുത്തു എന്ന് കണക്ക് ചോദിച്ചാൽ കൈ മലർത്തുന്നത് പരിഹാസ്യമാണെന്നു വി ശിവദാസൻ എംപി പറഞ്ഞു.
'റോസ്‌ഗാർ മേള' കളിൽ, പൊതുമേഖലാബാങ്കുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം നിയമനഉത്തരവുകൾ അതാത് സ്ഥാപനങ്ങൾ മുൻപ് നേരിട്ട് അയച്ചിരുന്നത്, മേളകളിൽ കൂടി നൽകുക എന്നത് മാത്രമാണ് മോഡിസർക്കാർ ചെയ്യുന്നത്.
പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയ 2022 ജൂൺ 14 ന് ശേഷം, എത്ര തസ്തികകൾ പുതുതായി സൃഷ്ടിച്ചു , എത്ര തസ്തികകൾ നിർത്തലാക്കി , എത്ര നിയമനങ്ങൾ നടത്തി എന്ന് നിരന്തരം നിരീക്ഷിക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നത് പ്രധാനമന്ത്രിയുടെ കടമയാണ്. എന്നാൽ അദ്ദേഹം നയിക്കുന്ന മന്ത്രാലയം കണക്കുകൾ പോലും ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ്.
മൂന്ന് വർഷം നിയമനം നടത്താതെയിരുന്നാൽ , തസ്തികകൾ തന്നെ റദ്ദാക്കപ്പെടുമെന്നത് യുവാക്കളോട് മോഡി സർക്കാർ ചെയ്യുന്ന കൊടുംക്രൂരതയാണ്. സർക്കാർ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിൽ സൃഷ്‌ടിക്കുമെന്ന നരേന്ദ്രമോദിയുടെ വമ്പൻ പ്രഖ്യാപനത്തിന്റെ പൊള്ളത്തരമാണ് മറുപടിയിൽനിന്ന് വെളിപ്പെടുന്നത് എന്ന് വി ശിവദാസൻ പറഞ്ഞു. തൊഴിൽ സൃഷ്ടിക്കേണ്ട കേന്ദ്രസർക്കാർ, തൊഴിൽ നശിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.