ഐ.ഐ.പി.എസ് ഡയറക്ടറെ കാരണം കാണിക്കാതെ സസ്‌പെൻഡ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടി പിൻവലിക്കണം : വി ശിവദാസൻ എം.പി
ദേശീയ കുടുംബാരോഗ്യ സർവേയുടെ ചുമതലയുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിന്റെ ഡയറക്ടറായ പ്രൊഫ. കെ.എസ്. ജെയിംസിനെ മോദിസർക്കാർ സസ്പെന്റ് ചെയിരിക്കുകയാണ്. ഒരു കാരണവും കാണിക്കാതെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറെ സസ്പെന്റ് ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്തതാണ്
തങ്ങൾക്ക് 'വേണ്ട രീതിയിൽ' വ്യാജ സ്ഥിതി വിവരക്കണക്കുകൾ നിർമിച്ചു നൽകുന്ന സ്ഥാപനമായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിനെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം എന്ന് റിപ്പോർട്ടുകൾ ഉണ്ട് . ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതാണ് ഇത്തരം നീക്കങ്ങൾ.
അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയുടെ കണ്ടെത്തലുകൾ മോദി സർക്കാരിന്റെ പല അവകാശ വാദങ്ങളും പൊള്ളയാണെന്ന് തെളിയിച്ചിരുന്നു. ആ സർവ്വേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഇന്ന് 19 ശതമാനം കുടുംബങ്ങൾക്കു ശൗചാലയങ്ങൾ ഇല്ല. സർവ്വേ പ്രകാരം 40 ശതമാനം കുടുംബങ്ങൾക്ക് ഇപ്പോഴും പാചകവാതക കണക്ഷൻ ഇല്ല. ഉജ്ജ്വല യോജന ഇന്ത്യയിലെ പാവങ്ങളുടെ അടുപ്പുകൾ ഉജ്ജ്വലിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ഇതിൽ നിന്നും വ്യക്തമായത്.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം അത് കണ്ടെത്തി വിളിച്ചു പറയുന്നവരെ നിശ്ശബ്ദരാക്കുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഈ തെറ്റായ തീരുമാനം അടിയന്തിരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാവണം എന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.