കിസാൻ സമൃദ്ധി കേന്ദ്രങ്ങളിൽ നിന്ന് വളം വാങ്ങുമ്പോൾ സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല;പക്ഷെ മോദിയുടെ ഫോട്ടോ നിർബന്ധം
നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച് രാജ്യമെങ്ങും വളം വിൽക്കുന്ന കടകളെ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആക്കിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ പുഞ്ചിരിക്കുന്ന മുഖമല്ലാതെ, കർഷകർക്ക് യാതൊരു പ്രത്യേക ഇളവും കിസാൻ സമൃദ്ധി കേന്ദ്രങ്ങളിൽ നിന്ന് വളം വാങ്ങുമ്പോൾ ഇല്ല എന്ന് മിനിസ്ട്രി ഓഫ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് നൽകിയ മറുപടിയിൽ വ്യക്തമാകുന്നു. രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം സർക്കാർ സമ്മതിച്ചത്.
കർഷകർക്ക് യാതൊരു പ്രത്യേക ഇളവും വളങ്ങളോ സാമഗ്രികളോ വാങ്ങുമ്പോൾ ഇല്ല എങ്കിലും പ്രധാനമന്ത്രിയുടെ ചിത്രത്തോട് കൂടിയ ഫ്ളക്സ് ബോർഡ് നിർബന്ധമാണത്രേ.
"പ്രധാനമന്ത്രിയുടെ ഫോട്ടോയോട് കൂടിയ ബോർഡ് കിസാൻ സമൃദ്ധി കേന്ദ്രത്തിനു മുന്നിൽ സ്ഥാപിക്കേണ്ടത് നിർബന്ധമാണോ" എന്ന ചോദ്യത്തിന് അതെ എന്ന് മന്ത്രാലയം മറുപടി നൽകി. വെക്കേണ്ടുന്ന ഫ്ളക്സ് ബോർഡിന്റെ ചിത്രവും മന്ത്രാലയം മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്ളക്സ് ബോർഡ് വെക്കാൻ ഉള്ള ചെലവ് വളം വിറ്റുള്ള ലാഭത്തിൽ നിന്ന് ഫെർട്ടിലൈസർ കമ്പനികൾ കണ്ടെത്തണം എന്നും മറുപടിയിലുണ്ട്.
ഇതിനർത്ഥം പ്രധാനമന്ത്രിയുടെ പടം വെക്കാനുള്ള പണവും ആത്യന്തികമായി കർഷകരിൽ നിന്ന് കമ്പനികൾ ഈടാക്കുന്ന ലാഭത്തിൽ കണ്ടെത്തേണ്ടി വരുന്നു എന്നാണ്.
ഇന്ത്യൻ കാർഷിക രംഗം ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും, ദരിദ്രരായ ഇന്ത്യൻ കർഷകരുടെ ചിലവിൽ സ്വന്തം ചിത്രം ഫ്ളക്സ് അടിപ്പിച്ചു വെപ്പിക്കുന്ന പ്രചാരവേല പരിഹാസ്യമാണ് എന്ന് വി ശിവദാസൻ പറഞ്ഞു.