5 വർഷം കൊണ്ട് പോസ്റ്റൽ വിഭാഗത്തിൽ നിര്ത്തലാക്കിയത് 3,647 തസ്തികകൾ.
ജീവനക്കാർ 2,41,829; ഒഴിവുകൾ 67,529
ജീവനക്കാർ 2,41,829; ഒഴിവുകൾ 67,529
5 വർഷം കൊണ്ട് പോസ്റ്റൽ വിഭാഗത്തിൽ 3,647 തസ്തികകൾ റദ്ദ് ചെയ്തു എന്ന് വി ശിവദാസൻ എംപിക്ക് രാജസഭയിൽ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് മറുപടി നൽകി. പ്രതിവർഷം നിർത്തലാക്കുന്ന തസ്തികകളുടെ എണ്ണം വൻതോതിൽ വർധിക്കുന്നുണ്ട്. 2018 -19 ൽ 83 ഉം 2019 -20 ൽ 79 ഉം തസ്തികകൾ നിർത്തലാക്കി. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഇത് പത്തിരട്ടിയായി. 2020-21 ൽ 671 തസ്തികകൾ ആണ് റദ്ദാക്കിയത്. 2021-22 ൽ ഇത് 798 ആയി. 2022-23 ൽ 2016 തസ്തികകൾ ആണ് എന്നെന്നേക്കുമായി ഇല്ലാതാക്കിയത്. ആകെ ജീവനക്കാർ 2,41,829 ആണ് . നിലവിൽ 67529 ഒഴിവുകൾ ആണുള്ളത്. ഇതിൽ നിന്നും ബോധ്യമാവുന്നത് ആകെയുള്ളതിന്റെ അഞ്ചിലൊന്ന് തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ്.
കേന്ദ്രമന്ത്രാലയങ്ങൾ നിർത്തലാക്കിയ തസ്തികകളുടെ കണക്ക് നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായ മിനിസ്ട്രി ഓഫ് പേർസണൽ ആൻഡ് പബ്ലിക് ഗ്രീവൻസസ് മറുപടി നൽകിയിരുന്നു. അതാത് മന്ത്രാലയങ്ങളുടെ പക്കൽ ആണ് കണക്കുക എന്നാണ് മറുപടി നൽകിയത്.
തസ്തിക വെട്ടിക്കുറയ്കുന്നത് വർധിതവേഗത്തിൽ നടക്കുന്നു എന്നതാണ് കണക്കുകൾ കാണിക്കുന്നത് എന്ന് വി ശിവദാസൻ എംപി പറഞ്ഞു. ഇത്തരം കാതലായ പ്രശ്‌നങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തത് കൊണ്ടാണ് പ്രധാനമന്ത്രി ഒരു പത്ര സമ്മേളനം പോലും നടത്താൻ തയ്യാറാകാത്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.