ഇസ്രായേലിലെയും പലസ്തീനിലെയും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണം: വിദേശ കാര്യമന്ത്രാലയത്തിനു കത്ത് നൽകി വി ശിവദാസൻ എംപി



  • Dr V Sivadasan M.P
  • 09-10-2023

ഇസ്രായേലിലെയും പലസ്തീനിലെയും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് വിദേശ കാര്യമന്ത്രാലയത്തിനു വി ശിവദാസൻ എംപി കത്ത് അയച്ചു. പലസ്തീൻ മേഖലയിൽ നടക്കുന്ന ഇസ്രായേൽ പലസ്തീൻ സംഘർഷം ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ ഇസ്രായേലിലും പലസ്തീനിലും താമസിക്കുന്ന നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയാണ് . ഈ സംഘർഷത്തിന്റെ ഭീകരതയിൽ ലോകം ഞെട്ടി വിറച്ചു നിൽക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി ആളുകൾ ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഈ സംഘർഷത്തിൽ അവരുടെ ജീവൻ തന്നെ അപകടത്തിലാണ്. യുദ്ധമേഖലയിൽ നിന്ന് അവരെ അടിയന്തിരമായി രക്ഷിക്കേണ്ടതുണ്ട്. സംഘട്ടനത്തിൽ ഇന്ത്യയിൽ നിന്നുള്ള ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്, കൂടാതെ മേഖലയിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് അവർ ഇരകളാകുമോ എന്ന വലിയ ഭയവും ആശങ്കയും ഉണ്ട്.

ഇസ്രായേലിലെയും പലസ്തീനിലെയും നമ്മുടെ പൗരന്മാരെ എത്രയും വേഗം സുരക്ഷിതമായി ഒഴിപ്പിക്കാൻ സർക്കാരിന്റെ സജീവമായ ഇടപെടൽ ഉണ്ടാകണം. ഇസ്രായേലിലെയും പലസ്തീനിലെയും ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി പുറത്തുകടക്കാൻ അനുമതി നൽകുന്നതിന് നയതന്ത്ര മാർഗങ്ങൾ സർക്കാർ ഉപയോഗിക്കണം. യുദ്ധമേഖലയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ ഉപജീവനമാർഗം സംരക്ഷിക്കപ്പെടുന്നു എന്നുറപ്പ് വരുത്താൻ വേണ്ട നടപടി കൈക്കൊള്ളണം എന്നും വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.