കേരളത്തില്‍ ദേശീയ തലത്തിലുള്ള ആയുർ വേദ ഗവേഷണ ചികിത്സാ സ്ഥാപനങ്ങള്‍ വേണമെന്ന് ആവശ്യമുന്നയിച്ച് ഡോ വി ശിവദാസന്‍ എം.പി
കേരളത്തിലെ ആയുര്‍വേദ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിയന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് രാജ്യസഭയില്‍ ഡോ വി ശിവദാസന്‍ എം.പി ചോദ്യമുന്നയിച്ചു. രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളിനോടാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. കേരളത്തിലെ ആയുര്‍വേദ ചികിത്സ ലോകപ്രസിദ്ധമാണ്. ദിനംപ്രതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകളാണ് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് വരുന്നത്. ലോകപ്രശസ്തമായ നിരവധി ആയുര്‍വേദ സ്ഥാപനങ്ങളാല്‍ ശ്രദ്ധേയമാണ് കേരളം. കോട്ടക്കല്‍ ആര്യവൈദ്യശാല, കണ്ണൂര്‍ ആയുര്‍വേദ കോളേജ്, തിരുവനന്തപുരം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഇതിനുദാഹരണങ്ങളാണ്. ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ ആയുര്‍വേദ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ തലത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് പോലുള്ള പദ്ധതികളെ കുറിച്ചാണ് ഡോ വി ശിവദാസന്‍ എം.പി ചോദിച്ചതു.
എന്നാല്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തും ആയുര്‍വേദം വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയില്‍ കേരളവുമുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ എന്നാണ് കേന്ദ്ര ആയുഷ് മന്ത്രി നല്കിയ ഉത്തരം. ആയുർവേദ ചികിത്സാ രംഗത്ത് കേരളത്തിന് മഹത്തായ സ്ഥാനമുണ്ട്.. പരമ്പരാഗത വൈദ്യശാസ്ത്രരംഗത്ത് കേരളം നൽകിയ സംഭാവനകള്‍ വളരെ വലുതാണ്. അതിനാൽ തന്നെ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെങ്കിലും പുതിയ കർമ്മ പദ്ധതികള്‍ ആവിഷ്കരിക്കുകയാണെങ്കില്‍ കേരളത്തെ പരിഗണിക്കുന്ന കാര്യം തീര്‍ച്ചയായും പരിശോധിക്കും എന്നാണ് കേന്ദ്രമന്ത്രി നല്‍കിയ മറുപടി. കേരളത്തിൽ ദേശീയ ആയുർവേദ സ്ഥാപനം വേണമെന്നത് മുൻപും ഉന്നയിക്കപ്പെട്ട ആവശ്യമാണ് എന്ന് വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ യൂണിയൻ സർക്കാർ സത്വരനടപടികൾ കൈക്കൊള്ളണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.