തരിഗാമിയുടെ വീട്ടുതടങ്കലിനെതിരെ പ്രതിഷേധിച്ചു വി ശിവദാസൻ എംപി
ജമ്മുകാശ്മീർ ബില്ലിനെക്കുറിച്ചുള്ള ചർച്ചാവേളയിൽ, സുപ്രീം കോടതി വിധി വരുന്നതിനു മുന്നോടിയായി സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരെ വീട്ടുതടങ്കലിൽ ആക്കിയതിനെതിരെ , വി ശിവദാസൻ എംപി രാജ്യസഭയിൽ പ്രതിഷേധം രേഖപ്പെടുത്തി. കശ്‍മീരിലെ യഥാർത്ഥ അവസ്ഥ മറച്ചു വെച്ച് ഇൻഡ്യയിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. രാഷ്ട്രീയ പ്രവർത്തകകരെ സംസാരിക്കാൻ പോലും അനുവദിക്കാതെ, സുപ്രീം കോടതി വിധി വരുമ്പോൾ തന്നെ മുൻകൂറായി വീട്ടുതടങ്കലിൽ ആക്കുകയാണ്.
മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ദീർഘമായ 18 മാസത്തെ ഇന്റർനെറ്റ് ബാൻ ആണ് കാശ്മീരിൽ ബിജെപി സർക്കാർ ചെയ്‌തത്.
ഭൂപരിഷ്കരണത്തിന്റെ ഫലമായി ദേശീയ ശരാശരിയേക്കാൾ സാമ്പത്തിക വളർച്ച നേടിയിരുന്ന സംസ്ഥാനമാണ് കശ്മീർ. അവിടെ കഴിഞ്ഞ ഒൻപത് വർഷമായി യാതൊരു പുരോഗതിയും ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളെയും രാഷ്ട്രീയപ്രവർത്തകരെയും തടങ്കലിൽ വെച്ച് ജനാധിപത്യം കൊണ്ട് വന്നു എന്ന വാദത്തിൽ ഒരു കഴമ്പുമില്ല.
ജമ്മുകാശ്‌മീരിലെ ജനാധിപത്യധ്വംസനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.