കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയിലേക്ക് നുഴഞ്ഞു കയറിയത് ലക്ഷത്തോളം ഇന്ത്യക്കാര്‍
ബിജെപി ഭരണത്തിൽ ഇന്ത്യയിൽ നിന്നും നിയമവിരുദ്ധമായി അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന എന്ന് സമ്മതിച്ചു കേന്ദ്രസർക്കാർ.
2018-19 ൽ 8027 ഇന്ത്യക്കാരാണ് യു എസിൽ നുഴഞ്ഞു കയറിയത് . കോവിഡ് ന്റെ സാഹചര്യത്തിൽ ഈ സംഖ്യ , 2019-20 ൽ 1227 ആയെങ്കിലും കോവിഡിന് ശേഷം ഓടിപ്പോവുന്ന ഇന്ത്യക്കാരുടെ എണ്ണം 30 മടങ്ങ് ആയി വർധിച്ചു. , 2020-21ൽ 30662 ഇത്തരത്തിൽ അമേരിക്കയിലേക്ക് ഓടിപ്പോയത്. 2021-22 ലും നിയമവിരുദ്ധകുടിയേറ്റം ഇരട്ടിയായി. 63927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്താൻ ശ്രമിച്ചത്. 2022-23 ൽ ഈ സംഖ്യ ലക്ഷത്തോടടുത്തു എന്ന് വിദേശകാര്യമന്ത്രാലയം നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. 96,917 പേരാണ് ഈ വർഷം അമേരിക്കയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.
രാജ്യസഭയിൽ വി ശിവദാസൻ എംപിക്ക് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമായത്.
ഏറ്റവും പരിതാപകരമായ വസ്തുത ഈ കണക്കുകൾക്ക് ഇന്ത്യ ആശ്രയിക്കുന്നത് അമേരിക്കൻ സർക്കാരിന്റെ വെബ്സൈറ്റിനെയാണ് എന്നതാണ്. ഒരു കൂട്ടപ്പലായനം എന്ന് വിശേഷിപ്പിക്കാവുന്ന നിലയിൽ ഉള്ള ഈ നുഴഞ്ഞുകയറ്റം ഗൗരവമായി എടുക്കാൻ ഇനിയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അത്യധികം ദുഷ്ക്കരമായിരിക്കെ സ്വന്തം ജീവന്‍ പോലും ബലികഴിച്ച് കൊണ്ട് നടത്തുന്ന ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റങ്ങള്‍ ഇന്ത്യയിലെ സ്ഥിതി എത്രത്തോളം ദയനീയമാണ് എന്നതിന്‍റെ നേര്‍ക്കാഴ്ചയാണ്.
ഇത്തരം നുഴഞ്ഞു കയറ്റത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരെ പറ്റി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .എന്നാൽ ഇത്തരത്തിൽ മരണപ്പെട്ടവരുടെ കണക്ക് പോലും താങ്ങളുടെ കയ്യിൽ ഇല്ല എന്ന് കൈ മലർത്തിയിരിക്കുകയാണ് കേന്ദ്രം.
അമേരിക്കൻ അതിർത്തി കടക്കവേ മതിലിൽ നിന്ന് വീണും മഞ്ഞിൽ വിറങ്ങലിച്ചും ദാരുണമായി കൊല്ലപ്പെടുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള റിപോർട്ടുകൾ ബിബിസി അടക്കമുള്ള മാധ്യമങ്ങളിൽ വന്നിട്ടും ജീവൻ നഷ്‌ടമായ ഇൻഡ്യക്കാരുടെ കണക്ക് പോലും ഇല്ലാതെ ഇരുട്ടിൽത്തപ്പുകയാണ് വിദേശകാര്യമന്ത്രാലയം .
പൗരന്മാരുടെ ജീവനെ തൃണവൽഗണിക്കുന്ന ബിജെപി സർക്കാറിന്റെ കെടുകാര്യസ്ഥത പ്രതിഷേധാർഹമാണ് എന്ന് വി ശിവദാസൻ എംപി പറഞ്ഞു.