മോദിയുടെ ത്രിമാനചിത്രത്തിനു റെയിൽവേ കോടികൾ മുടക്കുന്നത് ദുർവ്യയം: വി ശിവദാസൻ



  • Dr V Sivadasan M.P
  • 27-12-2023

യാത്രക്കാർക്ക് അടിസ്ഥാനയാത്രാസൗകര്യം പോലും ഒരുക്കാൻ കഴിയാത്ത ഇന്ത്യൻ റെയിൽവേ, നരേന്ദ്രമോദിയുടെ ത്രീ-ഡി പ്രതിബിംബം ഉൾപ്പെടെയുള്ള സെൽഫി ബൂത്തുകൾ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയാണ് എന്ന് വിവരാവകാശപ്രകാരമുള്ള വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം, എ കാറ്റഗറി സ്‌റ്റേഷനിലെ താൽക്കാലിക സെൽഫി ബൂത്തുകൾക്ക് 1.25 ലക്ഷം രൂപ വീതവും സി കാറ്റഗറി സ്‌റ്റേഷനുകളുടെ സ്ഥിരം സെൽഫി ബൂത്തുകൾക്ക് 6.25 ലക്ഷം രൂപയുമാണ് ചെലവ്. സെൽഫി ബൂത്തുകളിൽ നരേന്ദ്രമോദിയുടെ ത്രിമാന ചിത്രവും ഉണ്ട്.

സ്റ്റേഷനുകളിൽ സെൽഫി ബൂത്തുകൾ സ്ഥാപിക്കാൻ ഡൽഹി റെയിൽവേ ബോർഡ് 19 സോണൽ റെയിൽവേ ജനറൽ മാനേജർമാർക്കും നിർദേശം നൽകിയതായാണ് റിപ്പോർട്ട്. നിലവിൽ സെൻട്രൽ റെയിൽവേ യിലെ ചെലവിന്റെ വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

യാത്ര ചെയ്യുന്നവർക്ക് അടിസ്ഥാന യാത്രാസൗകര്യങ്ങൾ പോലും ഒരുക്കാൻ റെയിൽവേക്ക് സാധിക്കാത്ത കാലത്ത്, ഈ ധൂർത്ത് തികച്ചും ഒഴിവാക്കപ്പെടേണ്ടതാണ്. മോദിയുടെ ത്രിമാനചിത്രത്തിനു റെയിൽവേ കോടികൾ മുടക്കുന്നത് ദുർവ്യയമാണ്.

പൊതുമേഖലാസ്ഥാപനങ്ങളെ ബിജെപിയുടെയും മോദിയുടെയും രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയായി തരംതാഴ്ത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇത്തരം പ്രചാരണം പൊതുഖജനാവിന്റെ ചെലവിലാകരുത്. കോടിക്കണക്കിന് സാധാരണക്കാർ ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലെ അവശ്യ സൗകര്യങ്ങൾക്കായി പണം വിവേകത്തോടെ ചെലവഴിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രറെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.